രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: 137 ദിവസം സ്ഥിരത പുലര്‍ത്തിയ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ ഒടുവില്‍ വര്‍ധിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ 104.31 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.18 രൂപയായി. ഡീസലിന് 91.55-ല്‍ നിന്ന് 85 പൈസ കൂടി 92.40-ലുമെത്തി. ദീപാവലിയുടെ തലേദിവസം കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായി. സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു.
ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.
നിലവില്‍ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയില്‍ വില. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോള്‍, ഡീസല്‍ വില മാറുന്നത്. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എക്സൈസ് തീരുവയും ഡീലര്‍ കമ്മീഷനും മറ്റും കൂട്ടിയാണ് അതിന്റെ വില നിശ്ചയിക്കുന്നത്.
പെട്രോള്‍ ഡീസലിന്റെ പ്രതിദിന നിരക്ക് എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് അറിയാനാകും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും BPCL ഉപഭോക്താക്കള്‍ക്ക് RSP എന്ന് 9223112222 എന്ന നമ്പരിലേക്കും അയച്ച് വിവരങ്ങള്‍ ലഭിക്കും. അതേ സമയം HPCL ഉപഭോക്താക്കള്‍ക്ക് HPPrice 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.