മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദ്‌രോഗത്തെത്തുടർന്ന് അഞ്ചുവർത്തോളമായി ചികിത്സയിലായിരുന്നു..
എംപിയായും എം എൽ എയായും പ്രവർത്തിച്ച ബഷീർ 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് നിയമസഭയിലെത്തുന്നത്. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. രണ്ടുതവണ ചിറയന്‍കീഴ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി. രാജ്യസഭാംഗവുമായിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങി നിരവധി പാർട്ടി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍.നടന്‍ പ്രേം നസീറിന്റെ സഹോദരി പരേതയായ സുഹ്‌റയാണ് ഭാര്യ. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്ക്കാരം.
1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.മാർ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ സഹകരണരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നിൽ ബഷീർ, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു.