സംസ്ഥാനത്ത് കെ റെയിൽ സർവേ താത്കാലികമായി നിർത്തിവെച്ചു

കെ റെയിൽ; സംസ്ഥാനത്ത് ഇന്നൊരിടത്തും സർവേ ഇല്ല, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സർവേ നടത്തുന്ന ഏജൻസി

തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഒരിടത്തും സർവേ ഉണ്ടാകില്ല. സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന്റെ ഫലമായി തത്ക്കാലത്തേക്ക് സർവേ നിർത്തിവയ്ക്കുകയാണെന്നും എപ്പോൾ വീണ്ടും തുടങ്ങുമെന്ന് പറയാനാകില്ലെന്നും അധികൃതർ അറിയിച്ചു.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങൾ കണക്കിലെടുത്ത് സർവേ നടത്താൻ പൊലീസ് സംരക്ഷണം ഏർപ്പാടാക്കണമെന്ന് ഏജൻസി പറഞ്ഞു. എന്നാൽ സർവേ പൂർണമായും നിറുത്തിയിട്ടില്ലെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കി. സർവേ നിറുത്താൻ തീരുമാനിച്ചിട്ടില്ല. ജില്ലകളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, സിൽവർ ലൈൻ സാമൂഹികാഘാത പഠനം നീളുമെന്ന് കേരള വോളന്ററി ഹെൽത്ത് സർവീസ് (കെ വി എച്ച് എസ്) അറിയിച്ചു. ഇത് സംബന്ധിച്ച് സമയം നീട്ടി ചോദിക്കും. ഏപ്രിൽ ആദ്യ വാരത്തോടെ സമയം അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. പ്രതിഷേധം മൂലം സർവേ നീളുന്നതായി കളക്ടർമാരെ അറിയിക്കുമെന്നും കെ വി എച്ച് എസ് വ്യക്തമാക്കി. അഞ്ച് ജില്ലകളിലാണ് കെ വി എച്ച് എസ് സർവേ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോഡ്, കണ്ണൂർ എന്നീ ജില്ലകളിലായിരുന്നു സർവേ നടത്താൻ തീരുമാനിച്ചിരുന്നത്.

കല്ലിടൽ നടപടികൾ എറണാകുളത്ത് നിറുത്തി വച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെ മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസി വ്യക്തമാക്കിയതോടെയാണ് താത്കാലികമായി കല്ലിടൽ നിറുത്തി വയ്‌ക്കേണ്ടി വന്നത്. ഇന്നലെ വൈകിട്ട് പിറവത്ത് നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് സർവേ ഏജൻസി പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഒരു തരത്തിലും സർവേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഏജൻസിയുടെ നിലപാട്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമരക്കാർ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല.

ജീവന് പോലും സുരക്ഷയില്ലാത്ത സമയത്ത് സർവേ നടപടികളുമായി മുന്നോട്ടില്ലെന്നാണ് സർവേ ഏജൻസി കെ റെയിലിനെ അറിയിച്ചിരിക്കുന്നത്. അതേസമയം,​ വടക്കൻ കേരളത്തിലും ഇന്ന് സർവേ നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് തീരും വരെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിൽ സർവേ നീട്ടിവയ്ക്കാനും ആലോചനയുണ്ട്.