‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് ‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ‘ എന്നാണ് പേരിട്ടിരിക്കുന്നത്.

മാർച്ച് 31ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കും. വിലക്കയറ്റത്തിൽ ഒരു മാറ്റവുമില്ലെന്നും തിയ്യതി മാത്രമാണ് മാറുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

അന്ന് രാവിലെ മണിയടിച്ചും ചെണ്ട കൊട്ടിയും കേന്ദ്രത്തിന്റെ ഇന്ധന വില കൊള്ളയ്ക്കെതിരെ പ്രതിഷേധം അറിയിക്കാനാണ് നിർദ്ദേശം.വീടിനു മുന്നിലും പൊതു സ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളുമായെത്തി അതിന് പൂമാലയിടും. തുടന്ന് മണിയടിച്ചും ചെണ്ട കൊട്ടിയും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിച്ച ശബ്ദമുണ്ടാക്കി പ്രതിഷേധം രേഖപ്പെടുത്തും.

ഇന്ധനവിലയിലെ അനിയന്ത്രിതമായ ഉയർച്ചയിൽ നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത ബധിര കർണ്ണങ്ങളുള്ള ബിജെപി സർക്കാരിനെ ഉണർത്താനാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്നരൺദീപ് സിങ് സുർജ്ജേവാല പറഞ്ഞു.

‘വോട്ട് ചെയ്ത ജനങ്ങളെ മോദി വഞ്ചിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതൽ രാജ്യം പിറകോട്ടാണ് പോകുന്നത്. പാചക വാതക സബ്സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ ഉത്തർ പ്രദേശിലെ സൗജന്യ എൽപിജി സിലിണ്ടർ വിതരണവും നിർത്തിവെച്ചു.’ രൺദീപ് കൂട്ടിച്ചേർത്തു.

നേരത്തെ കൊവിഡിനെതിരെ പോരാടുന്ന മുന്നണി പോരാളികൾക്ക് ആദരം അർപ്പിച്ച് പാത്രം കൊട്ടാൻ ലോക്ഡൗൺ കാലത്ത് രാജ്യത്തെ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പരിഹാസമായി കൂടിയാണ് കോൺഗ്രസ് ഈ പ്രതിഷേധ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. അന്ന് കേന്ദ്രത്തിന്റെ നീക്കത്തെ പ്രതിപക്ഷവും സാമൂഹിക മാധ്യമങ്ങളും നിശിതമായി ട്രോളിയിരുന്നു.

കഴിഞ്ഞ നവംബർ നാലിന് ശേഷം രാജ്യത്ത് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വീണ്ടും ഇന്ധന കമ്പനികൾ വില വർധിപ്പിക്കാൻ ആരംഭിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ നാല് തവണ ഇപ്പോൾ തുടർച്ചയായി ഇന്ധന വില വർധിപ്പിച്ചു കഴിഞ്ഞു.

എട്ടുവർഷം കൊണ്ട് 26 ലക്ഷം കോടി ഇന്ധന നികുതി വർധനവിലൂടെ കേന്ദ്രം സ്വന്തമാക്കിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇപ്പോൾ ഇന്ധന വർധനവിനെതിരെ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രതിഷേധ പരിപാടികൾക്കാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ച് 31നും ഏപ്രിൽ ഏഴിനും ഇടയിലാണ് സമര പരിപാടികൾ. ഡൽഹിയിൽ ചേർന്ന എഐസിസി പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് തീരുമാനം.

ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. രാജാവ് കൊട്ടാരത്തിൽ തയ്യാറെടുക്കുകയാണെന്നും പ്രജകൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.