ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്‌സ് ഗ്ലോബൽ ട്രേഡിംഗ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസും അറസ്റ്റുമാണിത്. രാജ്യവ്യാപകമായി 1200 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
അബ്ദുൾ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടിയുടെ കൈമാറ്റം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവിധ ജില്ലകളിൽ നിന്നുള്ള 900 നിക്ഷേപകരിൽ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്. മലപ്പുറം സ്വദേശിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ച് കാസർകോട് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.
പ്രധാന പ്രതികളുടെ സ്വത്ത് വകകൾ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. 36 കോടി 72 ലക്ഷത്തിൽ അധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം കൊണ്ട് വാങ്ങിയ 25 ലക്ഷത്തിൽ അധികം രൂപയുടെ ക്രിപ്‌റ്റോ കറൻസിയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ 11 ഇടത്ത് ഇഡി പരിശോധന നടത്തിയിരുന്നു.
ഓൺലൈൻ വെബ്‌സൈറ്റ് വഴിയാണ് സംഘം ആയിരത്തിൽ അധികം പേരിൽ നിന്നും പണം തട്ടിയത്. രണ്ട് മുതൽ എട്ട് ശതമാനം വരെ ലാഭവിഹിതം ക്രിപ്‌റ്റോ കറൻസിയിൽ നിന്നും നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. കുടുതൽ പേർ പണം നിക്ഷേപിച്ചതോടെ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു.