എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്

ബെംഗളൂരു: ഹിജാബ്, ഹലാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കോൺഗ്രസിന്റെ കർണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക എം എൽ എ മാർ കർണാടക മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകരോട് ബിജെപിയും കോൺഗ്രസും ആഹ്വാനം ചെയ്തിരുന്നു. സിദ്ധഗംഗാ മഠത്തിലെത്തി പ്രചാരണങ്ങൾക്ക് അമിത് ഷായും രാഹുൽഗാന്ധിയും തുടക്കം കുറിച്ചു. കർണാടകയിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതിയുടെ പേര് നൽകി. അഴിമതി തുടച്ചുനീക്കാൻ ജനം കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന് രാഹുൽഗാന്ധി അവകാശപ്പെട്ടു.

ഒറ്റക്കെട്ടായി നിന്നാൽ ഭരണം നേടാമെന്നും പ്രചാരണങ്ങൾക്കായി കർണാടകയിൽ ക്യാമ്പ് ചെയ്യാൻ താൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രബല വോട്ടു ബാങ്കായ ലിംഗായത്തുകളുടെ ആശീർവാദത്തോടെ തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കമായി. ഏറെ നിർണ്ണായകമായ ലിംഗായത്തുകളുടെ പിന്തുണ തേടി സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളിൽ അമിത് ഷാ പങ്കെടുത്തു. പിന്നാലെ ലിംഗായത്ത് സന്യാസിമാർക്കൊപ്പം തുംകുരുവിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കർണാടകയിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതി ശിവകുമാര സ്വാമിയുടെ പേര് നൽകി.

പരിപാടികളുടെ ചുമതലയുണ്ടായിരുന്ന യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയുടെ നേതൃപാടവത്തെ അമിത് ഷാ പ്രശംസിച്ചു. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. അടുത്ത വർഷം മെയ് 24നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ സർക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അമിത് ഷാ വിലയിരുത്തി. മന്ത്രിസഭാ പുനഃസംഘടനയും നേതൃ മാറ്റചർച്ചകളും നടന്നു. ചൊവ്വാഴ്ച നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിന് പിന്നാലെ സംസ്ഥാന പര്യടനം തുടങ്ങാൻ നേതൃത്വം തീരുമാനിച്ചു.