കേരളത്തിൽ റേഷൻ മണ്ണെണ്ണയ്‌ക്കും വിലകൂടി

തിരുവനന്തപുരം: നികുതിയും വെള‌ളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവർദ്ധനയുണ്ടായ ഞെട്ടൽ മാറും മുൻപ് സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റം. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്‌ക്ക് ഉണ്ടായിരിക്കുന്നത്. നിലവിൽ 59 രൂപ എന്നത് ഇനി ഈ മാസംമുതൽ 81 രൂപയാകും. അതേസമയം ഉയർന്നവിലയ്‌ക്ക് മണ്ണെണ്ണ എടുക്കാനാകില്ലെന്ന് റേഷൻ മൊത്ത വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.

നികുതിദായകരായ സാധാരണക്കാരന്റെ കൈയിൽ നിന്നും വലിയ ചിലവ് വർദ്ധനയാണ് ഈ സാമ്പത്തിക വർഷം ഉണ്ടായിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഒഴിവാക്കാൻ സിഎൻജിയിലേക്ക് മാറിയ ഓട്ടോകാർക്കും വിലക്കയറ്റം കനത്ത തിരിച്ചടിയാണ്. ജീവൻ രക്ഷാ മരുന്നുകൾ, ദേശീയ പാതയിലെ ടോളുകൾ എന്നിവക്ക് വിലകൂടിയിട്ടുണ്ട്.

ചിക്കൻ,ഭക്ഷ്യ എണ്ണ, അരി എന്നിവയ്‌ക്ക് വിലകൂടിയതോടെ ഹോട്ടൽ ഉടമകളും വില ഉയർത്താൻ നിർബന്ധിതരായി. പാചകത്തിന് പ്രധാനമായ പാചകവാതക വാണിജ്യ സിലിണ്ടറിന് 257.50 രൂപയാണ് വർദ്ധിച്ചത്. ഇപ്പോൾ 2275 രൂപയാണ് തലസ്ഥാനത്ത് വില. സിഎൻജിയ്‌ക്ക് ഒൻപത് രൂപ വർദ്ധിച്ചതോടെ പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനക്കാർ പ്രതിസന്ധിയിലാണ്. കിലോയ്‌ക്ക് 76.90 ആണ് തലസ്ഥാനത്തെ വില. കൊച്ചിയിൽ 80 രൂപയും. വിമാനത്തിലെ ഏവിയേഷൻ ഫ്യുവലിനും വിലകൂടി.