ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറച്ചു; കെ സ്വിഫ്റ്റിൽ നിരക്ക് വർധനയില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനമാണ് പിൻവലിച്ചത്.

നാളെ ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വിദ്യാർത്ഥികളുടെ കൺസഷൻ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാൻ കമ്മീഷനെ വയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം തമിഴ്നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി കേട്ടാണ് കോടതി പദ്ധതിക്ക് അനുമതി നൽകിയതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.