സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോണ്‍ഫ്രറന്‍സ് ഹൗളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. സബ് കമ്മിറ്റി യോഗം പ്രാധാമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി. കസേരക്ക് 1000 രൂപയാണ് അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്.
ടിക്കറ്റ് വില്‍പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന എന്ന് തീരുമാനിച്ച് അറിയിക്കും. ജില്ലലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വില്‍പനക്ക് ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.
നിലവിലുള്ള കോവിഡ് മുന്‍കെരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കണം മത്സരം നടത്തേണ്ടതെന്ന് ഡി.എം.ഒ ഡോ. ആര്‍. രേണുകയ്ക്ക് നിര്‍ദേശം നല്‍ക്കി. മഞ്ചേരിയിലും കോട്ടപ്പടിയിലും മത്സരം കാണാനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംങ് സൗകര്യങ്ങളും യോഗം വിലയിരുത്തി. കോട്ടപ്പടിയിലെ പാര്‍ക്കിംങിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് നിര്‍ദേശം നല്‍ക്കി. വി.വി.ഐ.പി., വി.ഐ.പി പാര്‍ക്കിംങ് സ്റ്റേഡിയത്തിന് അടുത്തായി നല്‍ക്കും. ബാക്കി പാര്‍ക്കിംങ് സ്റ്റേഡിയത്തില്‍ നിന്ന് മാറി സൗകര്യമൊരുക്കും. പാര്‍ക്കിംങ് സ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പ്രേംകുമാര്‍ ഐ.എ.എസ്, അഡി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എന്‍.എം. മെഹ്‌റലി, എ.ഐ.എഫ്.എഫ്. കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, കെ.പി. അനില്‍ (പ്രതിനിധി, കായിക മന്ത്രി), അബ്ദുല്‍ കരീം (പ്രതിനിധി, കെ.എഫ്.എ), പി. അഷ്‌റഫ് (പ്രസിഡന്റ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), ഡോ. ആര്‍ രേണുക (ഡി.എം.ഒ), വിഎം. സുബൈദ (ചെയര്‍പേഴ്‌സണ്‍, മഞ്ചേരി നഗരസഭ) അഡ്വ. ബീന ജോസഫ് (വൈ. ചെയര്‍പേഴ്‌സണ്‍, മഞ്ചേരി നഗര സഭ), അബ്ദുല്‍ നാസര്‍ ടി.എം. ( ചെയര്‍മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, മഞ്ചേരി), ഡോ. സക്കീര്‍ ഹുസൈന്‍ (ഡയറക്ടര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സക്കീന സി (ചെയര്‍മാന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, മഞ്ചേരി നഗര സഭ), ജസീനാബി അലി (ചെയര്‍പേഴ്‌സണ്‍, വെല്‍ഫയര്‍ സ്റ്റേന്റിംഗ് കമ്മിറ്റി, മഞ്ചേരി നഗര സഭ), ജില്ലാ സ്‌പോര്‍ട്‌സ് എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഹൃഷിക്കേഷ് കുമാര്‍, സി സുരേഷ്, ജില്ലയിലെ ജനപ്രതിനിധികള്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എക്‌സ്‌പോ 2022
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എക്‌സ്‌പോ സംഘടിപ്പിക്കും. സ്റ്റേഡിയം കോമ്പൗണ്ടിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലോ പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനറെയോ ബന്ധപ്പെടുക. ഫോണ്‍: 0483 2734701, 9349935511
ടിക്കറ്റ് വില
മഞ്ചേരി പയ്യനാട് സ്റ്റേഡിയം
ഗ്യാലറി – 100 ഒരാള്‍ക്ക്
ഗ്യാലറി സീസണ്‍ ടിക്കറ്റ് – 1000 ഒരാള്‍ക്ക്
കസേര – 250 ഒരാള്‍ക്ക്
കസേര സീസണ്‍ ടിക്കറ്റ് – 2500 ഒരാള്‍ക്ക്
വി.ഐ.പി ടിക്കറ്റ് – 1000 ഒരാള്‍ക്ക്
വി.ഐ.പി. സീസണ്‍ ടിക്കറ്റ് – 10,000 ഒരാള്‍ക്ക്
വി.വി.ഐ.പി. ടിക്കറ്റ് 25,000
മലപ്പുറം കോട്ടപ്പടി
ഗ്യാലറി – 50
സീസണ്‍ ടിക്കറ്റ് ഗ്യാലറി – 400