80 ലക്ഷം കവര്‍ച്ച ചെയ്ത സംഭവം: ആലപ്പുഴ സ്വദേശി മലപ്പുറം പോലിസിന്റെ പിടിയില്‍

മലപ്പുറം: കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് മലപ്പുറം കോഡൂരില്‍ 80 ലക്ഷം കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കവര്‍ച്ചക്ക് ആലപ്പുഴയില്‍ നിന്നും വന്ന ക്വാട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളും ആലപ്പുഴ കരിയിലകുളങ്ങര സ്വദേശിയുമായ ശ്രീകാന്തിനെയാണ് (27)മലപ്പുറം ഇന്‍സ്പക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്ന് അറസ്റ്റു ചെയ്തത്.

സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഓഫാക്കി പ്രതി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പ്രതിക്ക് കരീകുളങ്ങര, കായംകുളം എന്നി സ്‌റ്റേഷനുകളിലായി വധശ്രമമുള്‍പ്പെടെ ആറോളം കേസ് നിലവിലുണ്ട്.

ശ്രീകാന്ത് കരികുളങ്ങര സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. സംഭവദിവസം 4 വാഹനങ്ങളിലായി പോലിസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ പ്രതികള്‍ കുഴല്‍പ്പണം കടത്തുകയായിരുന്ന വാഹനമടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സംഘത്തില്‍ ഉള്‍പ്പെട്ട എറണാംകുളം സ്വദേശികളായ സതീഷ്, ശ്രീജിത്ത്, മലപ്പുറം സ്വദേശികളായ സിറില്‍ മാത്യു, മുസ്തഫ, നൗഷാദ്, ബിജേഷ്, ആലപ്പുഴ സ്വദേശികളായ അജി ജോണ്‍സന്‍, രഞ്ജിത്ത്, വയനാട് സ്വദേശി സുജിത്ത് തുടങ്ങി 12ഓളം പേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവര്‍ കവര്‍ച്ചക്കെത്തിയത്.

പിടിയിലായവരെ ചോദ്യം ചെയ്തതില്‍ കവര്‍ച്ചക്ക് രണ്ട് ദിവസം മുന്‍പ് ഒരു റിഹേഴ്‌സല്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ ഗിരീഷ്, ദിനേഷ് ഐകെ, സലീം പി, ഷഹേഷ് ആര്‍, ജസീര്‍ കെ, രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.