കാവ്യ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് നോട്ടീസ്. ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
