കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ; വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ പരക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കിൻഡർ ഉത്പന്നത്തിന് വിലക്കേർപ്പെടുത്തി യുഎഇ. യൂറോപ്പിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകൾ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി.

ബെൽജിയത്തിൽ നിന്നാണ് കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റ് യുഎഇ ഇറക്കുമതി ചെയ്യുന്നത്. വിതരണത്തിനായി വന്ന ചോക്ലേറ്റുകൾ നശിപ്പിക്കുകയോ, അല്ലെങ്കിൽ ബെൽജിയത്തേക്ക് തന്നെ തിരിച്ചയക്കുകയോ ചെയ്യണമെന്ന് മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. മുഴുവൻ എമിറേറ്റുകളിലേയും നഗരസഭകൾക്കും മറ്റ് അനുബന്ധ വകുപ്പുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

ബെൽജിയത്തിലെ എട്ട് ഫാക്ടറികളിൽ നിർമിക്കുന്ന കിൻഡർ സർപ്രൈസ് യുവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യൂറോപ്പിൽ മാത്രമാണ് ബാക്ടീരിയ സാന്നിധ്യമുളളതെന്നും പറയുന്നു. കിൻഡർ നിർമാതാക്കളായ ഫെറേറോയുടെ മറ്റ് ഉൽപന്നങ്ങൾ നിരീക്ഷിക്കാനും യുഎഇ മന്ത്രാലയം ഉത്തരവിട്ടുണ്ട്. റമാദാൻ ആരംഭിച്ചതോടെ ഭക്ഷ്യോൽപന്നങ്ങളുടെ ഗുണമേന്മാ പരിശോധന യുഎഇയിൽ കർശനമായി നടപ്പാക്കുന്നുണ്ട്.
