ബന്ധുവായ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച തിരൂരിലെ 24കാരിയുടെ ജാമ്യം തള്ളി പോക്സോ കോടതി

മലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂർ സ്വദേശിനി സുനിഷ (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടർ മണ്ണാർക്കാട് ടെമ്പിൾ റോഡ് അരകുറുശി ചെറുകാട് മോഹൻദാസാണ് കേസിലെ രണ്ടാം പ്രതി.

2021 സെപ്റ്റംബർ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 20ന് കുട്ടിയെ മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും രണ്ടാം പ്രതിയുടെ കാറിൽ പാലക്കാട് ജില്ലയിലെ അഗളി കള്ളമലയിലെ ലോഡ്ജിൽ കൊണ്ടു പോയി പീഡനത്തിന് വിധേയനാക്കിയെന്നും പരാതിയുണ്ട്.

കുട്ടി തന്റെ ബന്ധുവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈൽഡ് ലൈൻ കേസ്സെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. 2022 മാർച്ച് അഞ്ചിനാണ് യുവതിയെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തത്.