അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകൻ കീഴടങ്ങി
തൃശൂർ: അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകൻ കീഴടങ്ങി. തൃശൂർ പുതുക്കാട് ഇഞ്ചക്കുണ്ടിൽ കുണ്ടുകവലയിൽ കുണ്ടിൽ വീട്ടിൽ സുബ്രനും (കുട്ടൻ-68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മകൻ അനീഷ് (38) ഒളിവിൽ പോകുകയായിരുന്നു.
കൊലയ്ക്ക് ശേഷം അനീഷ് തിരുവനന്തപുരത്തേക്കായിരുന്നു പോയത്. പ്രതിയെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുന്നതിനിടെ, പുലർച്ചെ രണ്ട് മണിയോടെ കമ്മീഷണർ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഇന്ന് തന്നെ അനീഷുമായി തെളിവെടുപ്പ് നടത്തും.
ഇടയ്ക്കിടെ വീട്ടിൽ പ്രശ്നം ഉണ്ടാകാറുണ്ടായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ മാവിൻ തൈ വീട്ടുമുറ്റത്ത് നടാൻ അച്ഛനും അമ്മയും തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്ത അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. അച്ഛനെ കൈയിലുള്ള വെട്ടുകത്തികൊണ്ട് വെട്ടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയേയും പിന്തുടർന്ന് വെട്ടുകയായിരുന്നെന്നാണ് പ്രതി മൊഴി നൽകിയത്.
അവിവാഹിതനായ അനീഷ് എട്ട് വർഷത്തോളം ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം കാർ വാങ്ങി എറണാകുളത്ത് ടാക്‌സി ഓടിച്ചിരുന്നു. നിലവിൽ വിയ്യൂരിലെ വെളിച്ചെണ്ണ കമ്പനിയിൽ സെയിൽസ്‌മാനായി ജോലി ചെയ്തുവരികയാണ്. കുടുംബത്തിന് അയൽവാസികളുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.