സഹായമഭ്യര്‍ത്ഥിച്ച് ഗൗരിലക്ഷ്മിയും അച്ഛനും അമ്മയും കൊടപ്പനക്കലെത്തി.
മലപ്പുറം: എസ്എംഎ രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് സഹായമഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍ പാണക്കാട്ടെത്തി. കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ മാതാപിതാക്കളായ ലിജുവും നിതയും മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട് സാഹചര്യം അറിയിച്ചു. ചികിത്സക്കായി 16 കോടി രൂപ ആവശ്യമുള്ളിടത്ത് ആറരക്കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. ഇനി 10 ദിവസത്തിനുള്ളില്‍ ഒമ്പതര കോടി രൂപ ലഭ്യമാകേണ്ടതുണ്ട്. പാണക്കാട് വന്ന് സഹായമഭ്യര്‍ത്ഥിക്കുമ്പോള്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ലിജു പറഞ്ഞു.
ഒന്നരവയസിലാണ് ഗൗരിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇരിക്കാനോ മുട്ടിലിഴയാനോ സാധിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ ജനറ്റിക്ക് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗ സാഹചര്യം വിലയിരുത്തിയ ഡോക്ടര്‍മാര്‍ വരുന്ന ഒരു മാസം നിര്‍ണായകമാണെന്ന് അറിയിച്ചതോടെയാണ് ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചത്. പതിനാറു കോടി രൂപയുടെ മരുന്ന് വിദേശത്തുനിന്ന് എത്തിച്ചു വേണം ജീന്‍തെറാപ്പി ചെയ്യാന്‍.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ചെയര്‍മാനും കൗണ്‍സിലര്‍ അശ്വതി കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പി മമ്മിക്കുട്ടി എംഎല്‍എയും നഗരസഭാധ്യക്ഷന്‍ എം കെ ജയപ്രകാശും സ്ഥിരം സമിതി അധ്യക്ഷന്‍ കെ കൃഷ്ണകുമാറും ഗൗരിലക്ഷ്മിക്കായി രംഗത്തുണ്ട്. നഗരസഭാ കൗണ്‍സിലറുമാരും ജീവനക്കാരും സഹായം നല്‍കുമെന്നും എം കെ ജയപ്രകാശ് പറഞ്ഞു. ബിരിയാണി ചലഞ്ചും സ്‌ക്രാപ്പ് ചലഞ്ചും ബൈക്ക് റേസ് ക്യാമ്പെയുനുമെല്ലാം നടത്തി കിട്ടാവുന്ന തുക സമാഹരിച്ചതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. അകമഴിഞ്ഞുള്ള സഹായം ഇനിയും വേണം ഗൗരിക്ഷ്മിയുടെ പുഞ്ചിരി മായാതിരിക്കാന്‍.