മതനിരപേക്ഷതക്ക് ലീഗിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: സിപിഐ എം
മലപ്പുറം: സിപിഐ എം മതധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്‌താവന അങ്ങേയറ്റം ബാലിശമാണെന്ന് പാർടി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രസ്‌താവനയിൽ പറഞ്ഞു. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. അതിന് ലീഗിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലൗ ജിഹാദ് സംഘപരിവാറിന്റെ സൃഷ്ടിയാണെന്ന് സിപിഐ എം അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇത് ആവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗത്തിന് പറ്റിയ നാക്ക് പിഴവിനെ പാർടി തിരുത്തിയിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച് പാർടിയെ ആക്രമിക്കാനുള്ള നീക്കം വിലപ്പോകില്ല. വഖഫ് സംരക്ഷണ റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വിവാഹത്തെ വ്യഭിചാരമായാണ് വിശേഷിപ്പിച്ചത്. പി എം എ സലാം ഉൾപ്പെടെ സമുന്നത ലീഗ് നേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു ഈ പ്രഖ്യാപനം. അന്ന് മൗനംപാലിച്ചവർ ഇന്ന് ഉറഞ്ഞുതുള്ളുന്നത് ജനം തിരിച്ചറിയും. അനാവശ്യ വിവാദങ്ങളുയർത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് കരുത്തുപകരാൻ മാത്രമേ ലീഗ് നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ ഉപകരിക്കൂ. സംഘപരിവാറിനൊപ്പംകൂടി സർക്കാർവിരുദ്ധ സമരം നടത്താൻ മടിയില്ലാത്തവരുടെ വർഗീയനിറം ജനം തിരിച്ചറിയുമെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.