സുബൈര്‍ വധം; കൊലയ്ക്ക് ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയ ഇയോണ്‍ കാര്‍, നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജത്തിന്റേതാണെന്ന് സ്ഥിരീകരണം. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇയോണ്‍, വാഗനര്‍ കാറുകളിലായാണ് കൊലയാളി സംഘമെത്തിയത്. സംഭവ ശേഷം സഞ്ജത്തിന്റെ ഇയോണ്‍ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം വാഗനറില്‍ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു കുത്തിയതോട് സ്വദേശി സുബൈറും പിതാവ് അബൂബക്കറും. ഇതിനിടെയാണ് കാറിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും മറ്റൊരു കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി സുബൈറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട സുബൈര്‍. സുബൈറിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പിതാവിനു ബൈക്കില്‍നിന്നു വീണ് പരുക്കേറ്റിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് എ പ്രഭാകരന്‍
സുബൈറിന്റെ കൊലപാതകം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ പറഞ്ഞു. വിഷു ദിനത്തിലെ കൊലപാതകം തികച്ചും ദാരുണമാണ്. കൊലപാതകം തൊഴിലാളി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും എംഎല്‍എ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
എംഎല്‍എയുടെ പ്രതികരണം: ”കൊലപാതകം തികച്ചും ദാരുണമാണ്. പള്ളിയില്‍ നിന്നും നിസ്കരിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം. നാട്ടില്‍ വിഷുവും ഈസ്റ്ററും ആഘോഷിക്കുന്ന ഘട്ടത്തിലും കൊലപാതകം തൊഴിലാളി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. സമാധാന ജീവിതത്തെ തല്ലികെടുത്തുകയെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.”
”സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായിരിക്കാം. കാരണം എലപ്പുള്ളിയിലെ ചിലര്‍ അതില്‍ പ്രതിയായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഒരു ചായക്കട നടത്തുന്നയാളാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ തട്ടുകയെന്ന സമീപനം സ്വീകരിക്കുന്ന കുറേ ആളുകളുണ്ട്. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്ന സംസ്കാരത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വരണം. പകയും കൊണ്ട് നടക്കുന്നവരാണ് പിന്നില്‍. ഇതൊക്കെ അവസാനിപ്പിക്കണം.”