മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നു;ബീസ്റ്റ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് എംഎംകെ

ചെന്നൈ: മുസ്‌ലിം സമുദായത്തെ ആകമാനം അപമാനിക്കുന്നതിനാല്‍ വിജയ് ചിത്രം ‘ദ ബീസ്റ്റ്’ നിരോധിക്കണമെന്ന് മനിതനേയ മക്കള്‍ കച്ചി പാര്‍ട്ടി. മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള ഇക്കാര്യം ആവശ്യപ്പെട്ടത്.

സമൂഹത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ നടക്കുമ്പോഴും കൊവിഡ് 19 മഹാമാരി കാലത്തും ധീരപൂര്‍വമായ ഇടപെടലുകളാണ് മുസ്‌ലിം സമുദായം നടത്തിയത്. പക്ഷെ ബീസ്റ്റ് സമുദായത്തെ അപമാനിക്കുകയും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനുള്ള അവസരവുമുണ്ടാക്കുന്നുവെന്നും ജവഹറുള്ള പറഞ്ഞു. കുവൈറ്റിലും ഖത്തറിലും ചിത്രം നിരോധിച്ചതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.

വിശ്വരൂപം, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതായിരുന്നു. അത്തരം ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ കുറവ് വന്നതായിരുന്നു. ഇപ്പോഴിതാ ബീസ്റ്റ് അത്തരം ചിത്രങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നുവെന്നും ജവഹറുള്ള പറഞ്ഞു.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഗ്‌ഡേയാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.