സുബൈര്‍ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പാലക്കാട് സ്വദേശിയായ മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനെ ഒരു വര്‍ഷം മുന്‍പ് വെട്ടിയ കേസിലെ നാല് പ്രതികളെയാണ് ഇന്നലെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യം നടത്തിയ അഞ്ചംഗ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നു എന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.
സുബൈറിന്റേത് നേരത്തെ പദ്ധതിയിട്ട കൊലപാതകമെന്നുറപ്പിക്കുന്ന പൊലീസ്, കേസിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും കൃത്യമായി അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ യോഗം ചേര്‍ന്ന് കേസിലെ അന്വേഷണപുരോഗതിയും ജില്ലയിലെ ക്രമസമാധാന ആശങ്കകളും വിലയിരുത്തി. ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഐജി ജില്ലയില്‍ ക്യാമ്പ് ചെയ്താണ് പുരോഗതികള്‍ വിലയിരുത്തുന്നത്. കേസില്‍ ഇന്ന് നിര്‍ണ്ണായക നീക്കങ്ങളുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സുബൈര്‍ വധവുമായി കുടുംബത്തിന് ബന്ധമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞിരുന്നു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ മുമ്പ് കാര്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അറുമുഖന്‍ പറഞ്ഞു.
സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഷ്ട്രീയ വിരോധം വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.