സിബിഎസ്ഇ; അടുത്ത അധ്യയനവർഷം 10, 12 ക്ലാസുകളിൽ ഒറ്റ ബോർഡ് പരീക്ഷ

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം (2022-23) മുതൽ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ വർഷാന്ത്യ ബോർഡ് പരീക്ഷയെന്ന പഴയരീതി തിരികെ വരും. കോവിഡ് പ്രതിസന്ധിമൂലം ഈ വർഷം നടപ്പാക്കിയ രണ്ടു ടേം പരീക്ഷാ രീതി ഇനി തുടരേണ്ടതില്ലെന്നു തത്വത്തിൽ ധാരണയായതായി സിബിഎസ്ഇ അക്കാദമിക്‌സ് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.

കോവിഡ് ഭീഷണി ഇപ്പോൾ ഗണ്യമായി കുറഞ്ഞു. ഈ സ്ഥിതി നിലനിന്നാൽ വർഷത്തിൽ ഒരു ബോർഡ് പരീക്ഷ മതിയെന്നാണു തീരുമാനം. അതേസമയം, കോവിഡ് കാലത്തു 30% വെട്ടിക്കുറച്ച സിലബസ് തന്നെ 2022-23ലും തുടരും.