ഫിറ്റ്‌നെസ് സെൻ്ററില്‍ യുവതിക്ക് പീഡനം: പ്രതി അറസ്റ്റില്‍
മലപ്പുറം: നിലമ്പൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നെസ് സെൻ്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശേരി സ്വദേശിയും ഫിറ്റ്‌നെസ് പരിശീലകനുമായ ആഷിക് (36) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് കേസ് എടുത്തുത്തത്. നിലമ്പൂർ ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യായാമം പരിശീലനം നടത്താന്‍ സൗകര്യമുള്ള ഫാസ് ഇൻ്റര്‍ നാഷണല്‍ ഫിറ്റ്‌നെസ് സെൻ്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിൻ്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് നിലമ്പൂർ പോലീസ് കേസെടുത്ത് വേഗത്തിൽ അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ ഉടൻ തന്നെ അറസ്റ്റു ചെയ്യാൻ സാധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം പ്രതിക്ക് എതിരെ സമാനമായ കൂടുതൽ പരാതികൾ ഉണ്ടെന്നാണ് സൂചന. നിലമ്പൂർ പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തുടർ അന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് അപേക്ഷ നല്‍കും.