കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്; ഒറ്റക്കെട്ടായിനില്‍ക്കണം, പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളം. ഇതിനേക്കാള്‍ വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്തുപോലും ഇത്തരം രാഷ്ട്രീയം കളിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ മണ്ണ് ഇത്തരക്കാര്‍ക്ക് വിട്ടുകൊടുത്തല്‍ എന്തുണ്ടാകുമെന്നതിന്റെ ഉദാഹരമാണ് ഇപ്പോള്‍ കാണുന്നത്. വ്യത്യസ്ത സമുദായത്തിന്റെ വികാരം മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടംകിട്ടാനും വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്. ഇവര്‍ക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും വോട്ട് കിട്ടാനുള്ള വകയില്ലാത്തവരാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. ഒരു വശത്ത് സര്‍ക്കാര്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പാലക്കാട് സംഭവത്തില്‍ പോലീസ് ഇന്റലിജന്‍സിന് കൊലപാതകം തടയാന്‍ സാധിക്കണമായിരുന്നു. കേരളത്തിന്റെ മണ്ണ് ഇവര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മുസ്ലിംലീഗ് ഇതിനായി പ്രചാരണം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.