പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബി ജെ പി



കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാൻ എത്തിയ സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനം എന്ന ആരോപണം കടുപ്പിച്ച്  ബി ജെ പി. വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18 AB 5000 നമ്പർ ഫോര്‍ച്ച്യൂണര്‍ വണ്ടിയെ സംബന്ധിച്ചാണ് വിവാദം ഉയർന്ന്.

ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെതാണ് വാഹനം. നിരവധി കേസില്‍ പ്രതിയായ സിദ്ദിഖ് പകൽ ലീഗും രാത്രി എസ്ഡിപിഐ പ്രവർത്തകനുമാണ് എന്നാണ് ബിജെപി ജില്ലാ പ്രസിഡൻറ് എൻ ഹരിദാസിന്റെ ആരോപണം. അതേ സമയം ലീഗ് പ്രവർത്തകനായ തനിക്കെതിരെയുള്ളത്  രാഷ്ട്രീയ കേസുകൾ മാത്രമാണെന്ന് സിദ്ദിഖ് പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നും സിദ്ദിഖ് വ്യക്തമാക്കി.

സി പി എം പ്രവർത്തകനല്ലാത്ത സിദ്ദിഖ് പാർട്ടി കോൺഗ്രസിന് വാഹനം വിട്ടുകൊടുത്തതിൽ ദുരൂഹത ഉണ്ടെന്ന്  ബിജെപി ആരോപിക്കുന്നു. “2010 ഒക്‌ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മര്‍ദ്ധിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്, ” ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് പറഞ്ഞു.

സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത് എന്നും ഹരിദാസ് ആരോപിക്കുന്നു. ” അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാന്‍ നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.
സജിന്‍ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിന്‍ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിരവധി തവണ മധ്യസ്ഥതവഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയില്‍ സിദ്ദിഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം” ഹരിദാസ് പറഞ്ഞു.

അതേ സമയം വാഹന ഉടമയെ സംബന്ധിച്ച് അറിയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടി കോൺഗ്രസ് വൻ വിജയമായത് കൊണ്ട് ബി ജെ പി അപവാദ പ്രചാരണം നടത്തുകയാണെന്ന് എം വി ജയരാജൻ തിരിച്ചടിച്ചു.

എയർപ്പോർട്ടിൽ ട്രാവൽ എജൻസി നടത്തുന്ന കാലക്കറ്റ് ടൂർസ് ആന്റ് ട്രാവൽസിൽ നിന്നാണ് വാഹനം ഏർപ്പാട് ചെയ്തത്. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അകമ്പടി വാഹനമായും ഇതേ വണ്ടി ഉപയോഗിച്ചിട്ടുണ്ട്.
നിരവധി തവണ സൈനീക ഉദ്യോഗസ്ഥരും ഉപയോഗിച്ചിട്ടുണ്ട് എന്ന് ഉടമ വിവാദം ഉയർന്ന സാഹചര്യത്തിൽ തന്നെ അറിയിച്ചതായും എം വി ജയരാജൻ പറയുന്നു.

ഉടമയായ സിദ്ദിഖിനെ നേരത്തെ അറിയില്ല എന്ന് എം വി ജയരാജൻ വ്യക്തമാക്കി. പന്തലും, സൗണ്ട് സിസ്റ്റവും , വാഹനങ്ങളും വാടകയ്ക്ക് എടുക്കുമ്പോൾ രാഷ്ട്രീയം നോക്കാറില്ല.വാഹനം  റെന്റ് എ കാർ വ്യവസ്ഥയിലാവാം ട്രാവൽ ഏജൻസികാർക്ക് ലഭിച്ചത്. സിപി എമ്മിന് എസ് ഡി പി ഐയുമായി രഹസ്യ ധാരണയില്ല , എം വി ജയരാജൻ പറഞ്ഞു.

പാർട്ടി കോൺഗ്രസ് സമയത്ത് യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് കെ എൽ 13 AR 2707 വാഹനമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്ക് കൊണ്ടുവരാൻ പോയ വാഹനത്തെ പറ്റിയാണ് ആരോപണം ഉയർന്നത്. ആകെ 58 വാഹനങ്ങളാണ് സിപി എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് വാടകയ്ക്ക് എടുത്തത്