ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു
മക്ക: ഇത്തവണ ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ് ക്വാട്ട സംബന്ധമായ അറിയിപ്പ് ലഭിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും വിദേശ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നിയന്ത്രണങ്ങളോടെ വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം.
ആകെ 10 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ എട്ടര ലക്ഷം വിദേശ തീര്‍ത്ഥാടകരും ഒന്നര ലക്ഷം ആഭ്യന്തര തീര്‍ത്ഥാടകരുമായിരിക്കും. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നേരത്തെ 18 ലക്ഷമായിരുന്ന വിദേശ തീര്‍ത്ഥാകരുടെ എണ്ണം ഇത്തവണ എട്ടര ലക്ഷമായി കുറച്ചത്. രണ്ടുലക്ഷത്തോളമായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 79,000 ആയി കുറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച ഭൂരിഭാഗം തീര്‍ത്ഥാടകര്‍ക്കും ഇത്തവണ അവസരം ലഭിക്കുമെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ക്ക് 65 വയസിനു മുകളില്‍ പ്രായമില്ലാതിരിക്കുക, സൗദിയില്‍ അംഗീകാരമുള്ള കൊവിഡ് രണ്ട് ഡോസ് വാക്‌സിനെടുക്കുക, സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍