സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു; എതിര്‍പ്പുമായി സിപിഎം അനുകൂല സംഘടന

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴിയാണ് ജീവനക്കാരെ നിരീക്ഷിക്കാനൊരുങ്ങുന്നത്. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ഉടന്‍ പ്രാബല്ല്യത്തില്‍ വരും.

അതേ സമയം പുതിയ സിസ്റ്റം ജീവനക്കാരെ ബന്ദികളാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തി. ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരിമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും. ഏഴ് മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

എന്നാല്‍ ജോലികള്‍ നടത്താതെ ജീവനക്കാര്‍ പലപ്പോഴും മുങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഏഴു മണിക്കൂറും സീറ്റിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റ് ആവശ്യങ്ങള്‍ക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കില്‍ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടുകയുള്ളു.