പ്ലസ്‌ ടു അധിക ബാച്ചുകൾക്ക്‌ കെട്ടിടം; ജില്ലയിലെ സ്‌കൂളുകളിൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ 12 കോടിയുടെ പദ്ധതികളായി

മലപ്പുറം: ജില്ലയിൽ ഹയർ സെക്കണ്ടറി പഠനത്തിനു അവസരമില്ലാതെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ തയ്യാറാണെന്ന ജില്ലാ പഞ്ചായത്തിന്റെ വാഗ്‌ദാനം പാലിക്കപ്പെടുന്നു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയുടെ പദ്ധതികളാണു ജില്ലയിലെ ഗവൺമെന്റ്‌ മേഖലയിലെ സ്‌കൂളുകൾക്കായി ജില്ലാ പഞ്ചായത്ത്‌ രൂപം നൽകിയത്‌.

അധിക ബാച്ച്‌ അനുവദിച്ച ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക്‌ ക്ലാസ്സ്‌ മുറികൾക്കാവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനു 5കോടി രൂപയും ബഞ്ച്‌, ഡസ്‌ക്‌, ഫർണ്ണീച്ചർ എന്നിവക്കായി ഒരു കോടി രൂപയും കിഫ്‌ ബി മുഖേന നിർമ്മിച്ച കെട്ടിടങ്ങളിലേക്ക്‌ ആവശ്യമായ ഫർണ്ണീച്ചറുകൾക്ക്‌ ഒരു കോടി രൂപയും വൈറ്റ്‌ബോർഡുകൾ സ്‌ഥാപിക്കുന്നതിനു 75 ലക്ഷം രൂപയും പ്രിൻസിപ്പൽ, പ്രധാനാധ്യാപക ഓഫീസ്‌, സ്റ്റാഫ്‌ റൂം നവീകരണത്തിനായി 2 കോടി രൂപയും സ്‌കൂളുകളിൽ മോഡുലാർ ടോയ്‌ലറ്റുകൾ സ്‌ഥാപിക്കുന്നതിനു ഒരു കോടിരൂപയും വകയിരുത്തി 12 കോടി രൂപയുടെ അടിസ്‌ഥാന വികസന പദ്ധതികൾക്കാണു ജില്ലാ പ്ലാനിംഗ്‌ കമ്മറ്റിയുടെ അംഗീകാരം നേടിയത്‌.

മലപ്പുറം ജില്ലയിലെ ജി.എച്ച്‌.എസ്‌.എസ്‌ പേരശന്നൂർ, ജി.എച്ച്‌.എസ്‌.എസ്‌ മൂത്തേടം, ജി.എച്ച്‌.എസ്‌.എസ്‌. ചുള്ളിക്കോട്‌, ജി.എച്ച്‌.എസ്‌.എസ്‌ പാലപ്പെട്ടി, ജി.എച്ച്‌.എസ്‌.എസ്‌ വെളിയംകോട്‌, ജി.എച്ച്‌.എസ്‌.എസ്‌. കുഴിമണ്ണ, ജി.എച്ച്‌.എസ്‌.എസ്‌. കോട്ടപ്പുറം, ജി.എച്ച്‌.എസ്‌.എസ്‌. എടപ്പാൾ, ജി.എച്ച്ക്‌.എസ്‌.എസ്‌. വാഴക്കാട്‌, പി.സി.എൻ.ജി.എച്ച്‌.എസ്‌.എസ്‌. മൂക്കുതല, ജി.എച്ച്‌.എസ്‌.എസ്‌. കോക്കൂർ, ജി.എച്ച്‌.എസ്‌.എസ്‌. കാരക്കുന്ന്, ജി.എച്ച്‌.എസ്‌.എസ്‌. പുറത്തൂർ, ജി.എച്ച്‌.എസ്‌.എസ്‌ തിരുവാലി, ജി.എച്ച്‌.എസ്‌.എസ്‌. മാട്ടുമ്മൽ, ജി.എച്ച്‌.എസ്‌.എസ്‌. മങ്കട, ജി.എച്ച്‌.എസ്‌.എസ്‌ പുതുപ്പറമ്പ്‌, ജി.എച്ച്‌.എസ്‌.എസ്‌ വേങ്ങര, ജി.ജി.വി.എച്ച്‌.എസ്‌.എസ്‌ വണ്ടൂർ, ജി.എച്ച്‌.എസ്‌.എസ്‌ ഇരിമ്പിളിയം, ദേവധാർ ജി.എച്ച്‌.എസ്‌.എസ്‌ താനൂർ, ജി.എച്ച്‌.എസ്‌.എസ്‌ നിറമരുതൂർ, ജി.വി.എച്ച്‌.എസ്‌.എസ്‌ മക്കരപ്പറമ്പ്‌, ജി.എച്ച്‌.എസ്‌.എസ്‌ ഒതുക്കുങ്ങൽ, ജി.എച്ച്‌.എസ്‌.എസ്‌ പുലാമന്തോൾ, ജി.എച്ച്‌.എസ്‌.എസ്‌ കാലികറ്റ്‌ യൂണിവേഴ്‌സിറ്റി എന്നീ ഹയർ സെക്കണ്ടറി സ്‌കൂളുകളിലാണു പുതിയ ക്ലാസ്‌ റൂമുകൾ നിർമ്മിക്കുന്നത്‌.

പുതിയ അധ്യയന വർഷം ഒന്നാം വർഷ ക്ലാസ്സുകളാരംഭിക്കുന്നതിനു മുന്നോടിയായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ എൽ.എസ്‌.ജി.ഡി എഞ്ചിനീയർ വിഭാഗത്തിനും സ്‌കൂൾ പി.ടി.എ. കമ്മറ്റികൾക്കും ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം നിർദേശം നൽകി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ ഇസ്‌മായിൽ മൂത്തേടം, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻമാരായ സറീന ഹസീബ്‌, നസീബ അസീസ്‌ മയ്യേരി, ജമീല ആലിപ്പറ്റ, എൻ.എ. കരീം, സെക്രട്ടറി നാലകത്ത്‌ റഷീദ്‌ എന്നിവർ പ്രസംഗിച്ചു.