കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ് കെ റെയിലിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയത്. സംഭവം വിവാദമായതിന് പിന്നാലെയാണ് റൂറൽ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പൊലീസുകാരൻ ചവിട്ടിയത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ച് സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങിയിരുന്നു.