കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പൊലീസ് പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം.

തരിരൂപത്തിലാക്കി കാലിൽ വെച്ചു കെട്ടി ഒളിപ്പിച്ച നിലയിലാണ് ഒരു യാത്രക്കാരനിൽ നിന്നും സ്വർണം കണ്ടെടുത്തത്. വയനാട് സ്വദേശി അബ്ദുൾ റസാഖ് ആണ് സ്വർണം കടത്തിയത്. ഒന്നര കിലോയിലധികം സ്വർണമാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്.

ലഗേജിൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരിൽ നിന്നാണ് പൊലീസ് സ്വർണം പിടിച്ചത്. സ്വർണം കടത്തിക്കൊണ്ടു വന്നവരെ സ്വീകരിക്കാനെത്തിയ ഏഴു പേരും ഇവർ വന്ന നാലു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
