ഹരിദാസ് വധക്കേസ്; പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ.
കണ്ണൂർ: ഹരിദാസ് വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ. ആർ എസ് എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) കഴിഞ്ഞ ദിവസം പിടിയിലായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ സി പി എം പ്രവർത്തകൻ പ്രശാന്തിന്റെ വീട്ടിൽ നിന്നാണ് നിജിലിനെ പിടികൂടിയത്. പ്രശാന്ത് ഗൾഫിലാണ്. പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ ഭാര്യ പി എം രേഷ്മയാണ് (42) വീട് നൽകിയത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ വീട് വളഞ്ഞാണ് നിജിൽ ദാസിനെ അറസ്റ്റ് ചെയ്തത്. ഹരിദാസൻ വധക്കേസിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഉൾപ്പെടെ പതിമൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും റിമാൻഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ ഇനിയും രണ്ടു പേരെ പിടികൂടാനുണ്ട്. ഇവരും ഒളിവിലാണ്.
ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരമണിക്കാണ് സി പി എം പ്രവർത്തകനായ ഹരിദാസനെ കാൽ വെട്ടിമാറ്റി കൊന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ് ആർ എസ് എസ്-ബി ജെ പി സംഘം ജീവനെടുത്തത്. കൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്.
ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡിഷണൽ എസ് പി പി പി സദാനന്ദൻ, എ സി പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.