വിദ്യാർത്ഥിനിയുടെ ചിത്രം രൂപംമാറ്റി അർധനഗ്നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാണ്ടിക്കാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ രൂപംമാറ്റി അർധനഗ്നമായി ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിൻഹാജ് മൻസിൽ മിസ്ബാഹുൽ ഹഖ് (21)ആണ് അറസ്റ്റിലായത്.
പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത പ്രതി ചിത്രത്തിന്റെ രൂപംമാറ്റി അർധനഗ്നമായി ചിത്രീകരിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടിയെ പണവും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണു കേസ്.
പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. റഫീഖും സംഘവും അറസ്റ്റുചെയ്തത്. പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ്ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. റഫീഖിനെ കൂടാതെ സി.പി.ഒ.മാരായ സന്ദീപ്, സുമേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.