Fincat

11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം

എടക്കര:11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എൽഡിഎഫിലെ നജ്മുന്നീസ പ്രസിഡന്റായത്. ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിഷിദ മുഹമ്മദലിയെ 9 നെതിരെ 11 വോട്ടുകൾക്കാണ് തോൽപിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞെടുപ്പിൽ 10 വീതം സീറ്റുകൾ നേടി ഇരുപക്ഷവും തുല്യത പാലിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ വത്സമ്മ സെബാസ്റ്റ്യന് നറുക്ക് വീണു. പ്രസിഡന്റ് യുഡിഎഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നതായും യുഡിഎഫിൽ ആരോപണമുയർന്നിരുന്നു.

കളക്കുന്ന് 14-ാം വാർഡിൽ നിന്നും സ്വതന്ത്രയായി വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തേക്ക് വന്നതോടെ യുഡിഎഫിന്റെ അംഗസംഖ്യ 9 ആയി. കഴിഞ്ഞ ഇലക്ഷനിൽ സിപിഐ (എം) 10, ലീഗ്, 3 കോൺഗ്രസ് 7 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 ൽ 10 സീറ്റ് നേടിയെങ്കിലും നറുക്കെടുപ്പിലാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്രയുടെ പിന്തുണകൂടി ലഭിച്ചതോടെ എൽഡിഎഫിന് 11 അംഗങ്ങളായി. നിലമ്പൂർ ഭൂരേഖാ വിഭാഗം തഹസിൽദാർ ജയശ്രീയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരണാധികാരി.