ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; പണം തട്ടാൻ പുതിയ വഴി; മുതലെടുക്കുന്നത് വാട്സാപ്പിനെ

യുപിഐ ആപ്പുകൾ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാൽ യുപിഐയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും, അക്കൗണ്ടിലെ ബാലൻസ് നോക്കാനും മാത്രമേ ഭൂരിഭാഗം പേർക്കും അറിയുള്ളു. അതിലപ്പുറമുള്ള കാര്യങ്ങളൊന്നും ഒരു സാധാരണക്കാരനും അറിയാൻ ശ്രമിക്കാറില്ല. അതിനാൽ തന്നെ തട്ടിപ്പുകാർക്ക് ഇത്തരം സാധാരണക്കാരെ പറ്റിക്കാനും എളുപ്പമാണ്. ഡിജിറ്റലായുള്ള പണം തട്ടിപ്പ് കേസുകൾ ഇന്ന് വളരെക്കൂടുതലാണ്. എത്രയൊക്കെ സാക്ഷരതയുണ്ട് എന്ന് പറഞ്ഞാലും മറ്റുള്ളവരെ പറ്റിക്കുന്നതിലും മറ്റുള്ളവരാൽ പറ്റിക്കപ്പെടാനും മലയാളിക്ക് ഒരു പ്രത്യേക കഴിവാണുള്ളത്.

യുപിഐ വഴി പണം അയക്കാൻ പല വഴികളുണ്ടെങ്കിലും, സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത് രണ്ട് വഴിയാണ്. മൊബൈൽ നമ്പരിലേക്കും, ക്യു ആർ കോഡ് സ്‌കാൻ ചെയ്തും. മൊബൈൽ നമ്പർ വഴി ഇടപാട് നടത്താൻ, പണം അയയ്ക്കുന്ന ആളും പണം സ്വീകരിക്കുന്ന ആളും ഒരേ യുപിഐ ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിബന്ധനയുണ്ട്. ഒരാപ്പിൽ നിന്ന് മറ്റൊരാപ്പിലേക്ക് പണം അയയ്ക്കാൻ യിപിഐ ഐഡി വേണം. ഇപ്പോൾ ചില ആപ്പുകൾ ഫോൺ നമ്പർ തന്നെ യുപിഐ ഐഡി ആക്കാനുള്ള അവസരം നൽകുന്നുണ്ട്.

ഈ രണ്ട് വഴികളിലും ഏവർക്കും പ്രിയപ്പെട്ടത് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുന്നതാണ്. അതാകുമ്പോൾ വേറെ മെനക്കേടൊന്നുമില്ലെന്നാണ് പലരും പറയുന്നത്. കോഡ് സ്‌കാൻ ചെയ്യുക, എത്ര പണം അയക്കണമെന്ന് രേഖപ്പെടുത്തണം, പിൻ നമ്പർ അടിക്കണം. സംഗതി തീർന്നു. എന്നാൽ നമ്മൾ മറ്റൊരാൾക്ക് അങ്ങോട്ട് പണം അയയ്ക്കാൻ മാത്രമേ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതുള്ളു. മറ്റൊരാളിൽ നിന്ന് പണം സ്വീകരിക്കാൻ നമ്മൾ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതോ പിൻ കോഡ് രേഖപ്പെടുത്തുകയോ വേണ്ട. ഈ അറിവ് പലർക്കുമില്ല എന്നതാണ് വസ്തുത. അതിനാൽ തന്നെ ഈ അറിവില്ലായ്മയെയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. നമ്മളെല്ലാം ഏറ്റവും അധികം സമയം ചെലവഴിക്കുന്ന വാട്സാപ്പിലൂടെയാണ് ക്യൂ ആർ കോഡ് തട്ടിപ്പ് വ്യാപകമായി നടക്കുന്നതും.

തട്ടിപ്പുകാർ പല വിധത്തിൽ നിങ്ങളെ സമീപിക്കും. ഒഎൽഎക്സിലോ മറ്റോ വിൽക്കാനുണ്ടെന്ന് പറഞ്ഞ് നിങ്ങൾ പോസ്റ്റ് ചെയ്ത സാധനം വാങ്ങാൻ താത്പര്യമുണ്ടെന്നോ, അല്ലെങ്കിൽ നിങ്ങൾക്ക് ലോട്ടറി അടിച്ചെന്നോ, ലക്കി ഡ്രോയിൽ സമ്മാനം നേടിയെന്നോ ഒക്കെ പറഞ്ഞ് അവർ നിങ്ങളുടെ വാട്സാപ്പിലേക്ക് മെസേജ് അയക്കും. തൊട്ടുപിന്നാലെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാം എന്ന് പറഞ്ഞ് സന്ദേശം വരും. പണം അയക്കാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഒന്നും അവർ ചോദിക്കില്ല. പകരം ഒരു ക്യൂ ആർ കോഡ് അയക്കും. അത് സ്‌കാൻ ചെയ്ത് എത്രയാണോ ലഭിക്കേണ്ട പണം ആ തുകയും ശേഷം പിൻ നമ്പരും രേഖപ്പെടുത്താനുള്ള സന്ദേശം വരും. ഇതെല്ലാം ചെയ്ത് കാത്തിരിക്കുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആയ വിവരമായിരിക്കും വരിക.


അതായത് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത വഴി നിങ്ങളുടെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. നിങ്ങൾ സ്വമേധയാ പിൻ നമ്പർ രേഖപ്പെടുത്തി പണം അയച്ചതിനാൽ ബാങ്കോ ആപ്പോ ഒന്നും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ആരും സഹായിക്കില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കാൻ നിയമസാധുതയില്ല. അതിനാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആരുടെയെങ്കിലും കൈയ്യിൽ നിന്ന് പണം സ്വീകരിക്കാൻ നിങ്ങൾ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുകയോ യുപിഐ പിൻ നമ്പർ രേഖപ്പെടുത്തേണ്ടതോ ആയ യാതൊരു ആവശ്യവുമില്ല.വാട്സാപ്പിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫീച്ചർ അനുസരിച്ച് ഒരാളുടെ കോണ്ടാക്ട് സേവ് ചെയ്യാനും ക്യൂ ആർ കോഡ് ഉപയോഗിക്കാം. ഇതും തട്ടിപ്പുകാർ മുതലെടുക്കുന്നുണ്ട്. അതിനാൽ പരിചയമില്ലാത്തവർ അയക്കുന്ന ക്യൂ ആർ കോഡ് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തണം.