കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന നികുതി കുറച്ചില്ല, കർണാടകയ്ക്കും ഗുജറാത്തിനും പ്രശംസ
ന്യൂഡൽഹി: പ്രതിപക്ഷ ഭരണപ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്.

ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന, സംസ്ഥാനങ്ങളും കേന്ദ്രവുമായി ചേർന്നുള്ള സംയുക്ത ഭരണം കണക്കിലെടുത്ത് ഇന്ധനത്തിന്റെ മൂല്യ വർദ്ധിത നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു. മൂല്യ വർദ്ധിത നികുതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഇന്ധന വില കുറവാണെന്നതും മോദി ചൂണ്ടിക്കാട്ടി. കൊവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതിയ പോലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായും രാജ്യം പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാന സർക്കാരുകൾക്കാണ് നൽകുന്നതെന്നും മോദി വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ പ്രതിസന്ധികൾ കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. നികുതി കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ചിലർ അനുസരിച്ചു. എന്നാൽ കുറച്ചു സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ല. ഇക്കാരണത്താൽ ഈ സംസ്ഥാനങ്ങളിൽ ഇന്ധനവില വർദ്ധനവ് തുടരുകയാണ്. ഇത് രാജ്യത്തെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയൽരാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.
കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ജാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാൻ തയ്യാറാകാത്തത്. നികുതി കുറയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ നഷ്ടം നേരിടേണ്ടി വരുമെന്നത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേർത്തു. നികുതി കുറച്ചില്ലായിരുന്നെങ്കിൽ കഴിഞ്ഞ ആറുമാസത്തിനിടെ കർണാടകയ്ക്ക് 5000 കോടിയുടെ അധികവരുമാനം ലഭിക്കുമായിരുന്നു. ഗുജറാത്ത് 4000 കോടിയോളവും.
നവംബറിൽ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തെത്തുടർന്ന് ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്നതായ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധനത്തിന്റെ മൂല്യ വർദ്ധിത നികുതി കുറച്ചിരുന്നു.