സംസ്ഥാനത്ത് രാത്രി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം:കേരളത്തിൽ വൈകിട്ട് ആറുമുതൽ രാത്രി പതിനൊന്ന് വരെ വോൾട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയും വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചു.

കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞ പശ്ചാത്തലത്തിലാണിത്.
രാത്രിസമയത്ത് രണ്ടു ദിവസമായി 400 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്.പീക്ക് സമയത്ത് പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കോഴിക്കോട് നല്ലളം ഡീസൽ താപനിലയത്തിൽ ഇന്ധനം അടിയന്തിരമായി ശേഖരിക്കാനും കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്ന് വൈദ്യുതി ഷെഡ്യൂൾ ചെയ്യാനും എൻ.ടി.പി.സി വഴി ശ്രമം നടത്തുന്നുണ്ട്.
മഴ കുറയാനുള്ള സാധ്യത കണക്കിലെടുത്ത് പുറത്തേയ്ക്കുള്ള വൈദ്യുതി വിൽപന നിയന്ത്രിക്കാനും കൂടുതൽ താപ വൈദ്യുതി ലഭ്യമാകുകയാണെങ്കിൽ വിൽപന തുടരാനും ഇന്നലെ ചേർന്ന കെ.എസ്.ഇ.ബി.ബോർഡ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഇന്നലെ സർവ്വകാല റെക്കോഡിലെത്തി. ഇന്നലെ 90.34ദശലക്ഷം യൂണിറ്റിലെത്തി.ഇതാദ്യമായാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് കടക്കുന്നത്.