കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച മലപ്പുറത്തെ പുത്തൻ താരോദയം ജസിന്റെ കഥ
മലപ്പുറം: കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവർത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലമ്പൂർ മിനർവപ്പടി സ്വദേശി ജസിനും മുന്നോട്ട് കുതിക്കുന്നതിന് പിന്നിൽ അത്തരമൊരു വിശ്വാസം കൂടി ഉണ്ട്…കൈയിലെ ആറ് വിരലുകൾ.
ഇടതുകയ്യിൽ ആറ് വിരലുകളാണ് ജസിനുള്ളത്.ജസിന്റെ മുന്നേറ്റത്തിന്റെ ഒക്കെ ഭാഗ്യം കടന്നുവരുന്നത് അതിൽക്കൂടിയാണെന്നും വിശ്വസിക്കുന്നവരുണ്ട്..ഇന്നലത്തെ മത്സരം കണ്ടതോടെ ഇത്തരത്തിൽ വിശ്വസിക്കുന്നവർക്ക് അത് ഒന്നുകൂടി ഉറപ്പിക്കാം.. അത്ര സുന്ദരവും അവിശ്വസനീയവുമായിരുന്നു ജസിന്റെ നിറഞ്ഞാട്ടം.. കേരളത്തെ ഒറ്റയ്ക്ക് ചുമലിലേറ്റി ഫൈനലിൽ എത്തിക്കുകയായിരുന്നു ജസിൻ.
ഈ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് മുതൽ കേരളത്തിന്റെ ഏറ്റവും വലിയ തലവേദമ മുന്നേറ്റ നിരയുടെ മൂർച്ചക്കുറവായിരുന്നു.നിർണ്ണായകമായ സെമിഫൈനലിലും ആദ്യ നിമിഷങ്ങളിൽ ഇത് പ്രകടമായിരുന്നു.പല മുന്നേറ്റങ്ങളും ഇന്നലെ തുടക്കത്തിൽ പാളുകയും ചെയ്തിരുന്നു. അപ്പോഴാണ് ഇരട്ടി ആഘാതമെന്നോണം ഒരു ഗോളിന് കർണ്ണാടക മുന്നിലെത്തുന്നത്.ഇതോടെ സൂചികുത്താൻ പോലും ഇടനൽകാതെ തിങ്ങി നിറഞ്ഞ സ്റ്റേഡിയം പൂർണ്ണമായും നിശബ്ദമായി. പിന്നെയും കേരളത്തിന്റെ മുന്നേറ്റങ്ങൾ കണ്ടെങ്കിലും ലക്ഷ്യം മാത്രം ഭേദിക്കാനായില്ല.
കേരളം പ്രതിരോധത്തിലായ 30ാം മിനിറ്റിലാണ് വിഘ്‌നേഷിനെ പിൻവലിച്ച് ജെസിനെ കോച്ച് കളത്തിലിറക്കുന്നത്.ആ സബ്സ്റ്റിറ്റിയൂഷൻ ഒരു ഭാഗ്യമായിരുന്നു.അതോടെ കളിയുടെ ഭാവം തന്നെ മാറി.കോച്ച് തന്നിലർപ്പിച്ച വിശ്വാസത്തിൽ കളത്തിലിറങ്ങി അഞ്ച് മിനുട്ടിൽ തന്നെ ജെസിൻ പ്രതീക്ഷ കാത്തു.35 ാം മിനുട്ടിൽ ഗ്യാലറിയെ പൊട്ടിത്തെറിപ്പിച്ച് കേരളം കാത്തിരുന്ന ഗോൾ ജസിന്റെ ബൂട്ടിൽ നിന്നും പിറന്നു.35, 42, 44, 56, 74 മിനിറ്റുകളിൽ കേരളത്തിനായി വലകുലുക്കിയ ജെസിൻ മത്സരം ഒറ്റയ്ക്ക് കർണാടകയിൽനിന്ന് സ്വന്തമാക്കുകയായിരുന്നു.
കർണാടകത്തിന്റെ ഓപ്പണിങ് ഗോളോടെ നിശബ്ദമായ സ്റ്റേഡിയത്തെ ഉണർത്തിയത് ജെസിന്റെ ബൂട്ടുകളായിരുന്നു. മലപ്പുറം നിലമ്പൂർ സ്വദേശിയായ ജെസിൻ സെമിയിൽ അടിച്ചുകൂട്ടിയത് അഞ്ചു ഗോളുകളാണ്. ഒപ്പം കർണാടകയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഒരു ഗോൾ കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതോടെ ആറു ഗോളുകളുമായി കേരളത്തിന്റെ സൂപ്പർ ഡ്യൂപ്പർ സബ് ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തി. അഞ്ചു ഗോളുമായി കേരള ക്യാപ്റ്റൻ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്.
ഒന്നിനു പിന്നാലെ ഒന്നായി 5 ഗോളുകൾ നേടി ജെസിൻ കളി കേരളത്തിന്റെ സ്വന്തമാക്കി. പയ്യനാട് സ്റ്റേഡിയത്തിന്റ ഗാലറികൾ നിറഞ്ഞ ആരാധകർക്ക് ഉഗ്രനൊരു ഗോൾവിരുന്നു സമ്മാനിച്ചു കളിയിലെ സൂപ്പർ താരമായി.29 സന്തോഷ് ട്രോഫി താരങ്ങളെ സംഭാവന ചെയ്ത മമ്പാട് എംഇഎസ് കോളജിൽ നിന്നാണ് ജെസിന്റെ വരവ്.
അർജന്റീന താരം ലയണൽ മെസ്സിയെ ആരാധിക്കുന്ന ജെസിൻ സൂപ്പർ താരത്തിന്റെ അതേ സ്‌റ്റൈലിൽ, സൂപ്പർ ഫിനിഷുകളോടെയാണ് കേരളത്തിന്റെ ഫൈനൽ മോഹങ്ങളെ കളറാക്കിയത്.മമ്പാട് കോളജിലെ പൂർവ വിദ്യാർത്ഥിയായ ആസിഫ് സഹീറിന്റെ പേരിൽ സന്തോഷ് ട്രോഫിയിൽ രണ്ടു ഹാട്രിക്കുകളുണ്ട്. അതിലൊന്ന് നാലു ഗോളുകളായിരുന്നു. ജെസിൻ 5 ഗോളടിച്ച് അതും മറികടന്നു.
ഇരുപത്തിരണ്ടുകാരനായ ജെസിൻ. സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ നേടിയതു മൂന്നു ഗോളുകൾ.മമ്പാട് എം.ഇ.എസ്. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി കൂടിയായ ജെസിൻ കേരള യുണൈറ്റഡിന്റെ താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത അവരുടെ സൂപ്പർ സ്‌ട്രൈക്കറുമാണ് ജെസിൻ.പിതാവ് തോണിക്കര വീട്ടിൽ മുഹമ്മദ് നിസാർ ഓട്ടോ ഡ്രൈവറാണ്. മാതാവ്: സുനൈന.ഇതാദ്യമായാണ് സന്തോഷ് ട്രോഫിയിൽ ജെസിൻ കേരളത്തിനായി കളിക്കുന്നത്.