മലയാളി വ്‌ളോഗർ റിഫയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്
തിരുവനന്തപുരം: ദുബായിലെ ഫ്‌ളാറ്റിൽ മലയാളി വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി മെഹ്‌നാസിനെതിരെയാണ് കേസ് എടുത്തത്. മാതാവിന്റെ പരാതിയിലാണ് നടപടി.

മാനസിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. റിഫയുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ മെഹ്‌നാസിനെതിരെ കുടുംബം ആരോപണവുമായി രംഗത്തുവന്നിരുന്നു.

റിഫയ്‌ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് മെഹനാസ് നിരന്തരം മർദ്ദിച്ചിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഇത് സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നും ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. താമരശ്ശേരി പോലീസിനാണ് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ആണ് റിഫയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെഹ്‌നാസ് വീട്ടിൽ ഇല്ലാത്ത സമയത്ത് ആയിരുന്നു ആത്മഹത്യ. ഇവർക്ക് രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെയാണ് റിഫയും മെഹ്നാസും പരിചയപ്പെട്ടത്.