അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ് ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം ഒമ്പത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാല് മണി മുതൽ ഏഴ് മണിവരെയുള്ള സമയത്തേക്കുള്ള അറിയിപ്പ് പ്രകാരമാണ് 9 ജില്ലകളിലെ മഴ മുന്നറിയിപ്പ്.

അതേസമയം അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് രണ്ട് ജില്ലകലിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.