വഴിക്കടവിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടി.
മലപ്പുറം: കേരള അതിർത്തിയായ വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ജാർഖണ്ഡിൽ നിന്ന് ഉരുളക്കിഴങ്ങ് കയറ്റിവന്ന ലോറിയുടെ അകത്ത് രഹസ്യമായി ഒളിപ്പിച്ചു വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സിഗരറ്റ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഡ്രൈവർ കൊല്ലം ഭുതക്കുളം പറവൂർ സ്വദേശി റോയ് റോബോട്ട് (30), ക്ലീനർ കൊല്ലം സ്വദേശി പ്രസീദ് (32) എന്നിവരാണ് പിടിയിലായത്. ഉരുളക്കിഴങ്ങിന് അടിയിൽ 150 ചാക്കുകളിലായി 300 രൂപ ഒരു പാക്കറ്റിന് വില വരുന്ന ഒന്നരലക്ഷം കൊറിയൻ സിഗരറ്റുകളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഉരുളക്കിഴങ്ങ് ലോഡുമായെത്തിയ ലോറി വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് വൻ സിഗരറ്റ് ശേഖരം കണ്ടെത്തിയത്.
പേരിന് മാത്രം ഉരുളക്കിഴങ്ങ് കയറ്റിയ ലോറിക്കകത്ത് വിദേശ നിർമിത സിഗറ്ററുകൾ ഒളിപ്പിച്ചു കടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജാർഖണ്ടിൽ നിന്നും ചാവക്കാട്ടേക്ക്
ആണ് ചരക്ക് കടത്താൻ ശ്രമിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. പിടിയിലായ ഡ്രൈവർ സമാനമായ കേസിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കപ്പൽ മാർഗമാണ് ഇത്രയധികം വിദേശ സിഗരറ്റുകൾ ജാർഖണ്ഡിൽ എത്തിയതെന്നാണ് സൂചന.
എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ വഴിക്കടവ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് സി ടി, അഭിലാഷ് ജി, ജംഷീദ് എം, ബാലു എൻ എന്നിവർ ചേർന്നാണ് സിഗരറ്റ് പിടികൂടിയത്. വിദേശത്തുനിന്ന് ടാക്സ് വെട്ടിച്ചു കടത്തിയതിനാൽ
കേസ് തുടരന്വേഷണത്തിനു വേണ്ടി സെൻട്രൽ കസ്റ്റംസിനു കൈമാറി.