കരിപ്പൂരിൽ വൻ സ്വർണവേട്ട; ആറ് യാത്രക്കാരിൽ നിന്ന് പിടികൂടിയത് മൂന്നേകാൽ കോടിയുടെ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി മൂന്നേകാൽ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വർണമാണ് ഡി.ആർ.ഐയുടെ പരിശോധനയിൽ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

അറസ്റ്റിലായ ആറ് പേരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ശരീരത്തിൽ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വർണം പിടികൂടിയത്.