ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി; ഗർഭിണിയും ഭർത്താവും പിടിയിൽ.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്‌ന എന്നിവരാണ് പിടിയിൽ ആയത്. അടിവസ്ത്രത്തിനടിയിൽവെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണം കൊണ്ടുവന്നത്. ദുബായിൽ നിന്നുമാണ് ഇവർ സ്വർണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായതുകൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്ന ധാരണയെ തുടർന്നാണ് ഇത്രയും അധികം സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വർണം പിടികൂടിയത്.

തുടർച്ചയായാ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണം ഇവിടെ നിന്നും പിടികൂടിയിരുന്നു.

മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.26 കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
