നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു
മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ടർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആൾജാമ്യത്തിലും വിട്ടയക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇടത്‌വശം വഴി കാർ ഓവർടേക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഷംന എന്നിവരെ ഇയാൾ മർദ്ദിച്ചത്. തുടർന്ന് കാറിൽ സ്ഥലത്ത് നിന്നും പോയി.
ഏപ്രിൽ 16നായിരുന്നു സംഭവം. അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്‌തപ്പോൾ ഇബ്രാഹിം ഷബീർ കാർ കുറുകെയിട്ട ശേഷം യുവതികളെ മർദ്ദിച്ചു. ആ സമയം യാത്രക്കാരിലൊരാൾ വീഡിയോയിൽ പകർത്തിയ രംഗങ്ങൾ വൈറലായതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ആദ്യം നിസാര വകുപ്പുകൾ ചുമത്തി പൊലീസ് യുവാവിനെ സഹായിച്ചു എന്ന് വിവാദമായതിന് പിന്നാലെയാണ് കേസ് ശക്തമായത്. മുസ്ളീംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററായ സി.എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം.