സംസ്ഥാന ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; 5274 പേര്‍ക്ക് അവസരം
മലപ്പുറം: സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. നറുക്കെടുപ്പ് ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ജനറൽ കാറ്റഗറിയിൽ 8861 പേരും , ലേഡീസ് വിതൗട് മെഹ്‌റം വിഭാഗത്തിൽ 1694 പേരും ഉൾപ്പെടെ 10,565 അപേക്ഷകരാണ് സംസ്ഥാനത്ത് നിന്ന് ഇത്തവണ ഹജ്ജിനുണ്ടായത്. ആകെ അപേക്ഷകരിൽ നിന്ന് 3580 പേരെ നറുക്കെടുപ്പിലൂടെയും, ലേഡീസ് വിതൗട് മെഹ്‌റം വിഭാഗത്തിലെ 1694 പേരെ നറുക്കെടുപ്പില്ലാതെയും തെരഞ്ഞെടുത്തു. 5274 പേരെയാണ് നറുക്കെടുപ്പിലൂടെ ഈ വർഷത്തെ ഹജ്ജിനായി തെരഞ്ഞെടുത്തത്. നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവർക്കായി വീണ്ടും നറുക്കെടുത്ത് 500 പേരുടെ വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കി , വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന സീറ്റിൽ ഹജ്ജിന് അവസരം ലഭിച്ചേക്കും.

സംസ്ഥാനത്ത് ഇത്തവണ മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും അധികം ഹജ്ജ് തീത്ഥാടകരുള്ളത്. ജില്ലയിൽ നിന്നുള്ള 1735 പേർക്കാണ് അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്ന് 1064 പേരും, കണ്ണൂരിൽ നിന്ന് 586 പേരും, കാസർകോട് നിന്ന് 261 പേരുമുൾപ്പെടെ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഹജ്ജ് തീർത്ഥാടകരും മലബാറിൽ നിന്നുള്ളവരാണ്. ഇവരെ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് ആയ കൊച്ചി വിമാനത്താവളത്തിലെത്തിക്കാൻ പ്രത്യേകം സംവിധാനം പരിഗണിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ, എം.എൽ.എ മാരായ ടി.വി ഇബ്രാഹിം, മുഹമ്മദ് മുഹ്‌സിൻ തുടങ്ങിയവർ ഹജ്ജ് നറുക്കെടുപ്പിൽ പങ്കെടുത്തു. ഹജ്ജ് കമ്മിറ്റിയുടെ പരിഷ്കരിച്ച വെബ് സൈറ്റ് ഉദ്ഘടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.