ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം: പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിലാണ് നടപടി.

ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉയർത്തിക്കാട്ടി യൂത്ത് ലീഗ് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഹരിദ്വാർ മോഡൽ പ്രസംഗമാണ് പി.സി ജോർജ്ജ് നടത്തിയതെന്നായിരുന്നു യൂത്ത് ലീഗിന്റെ കണ്ടെത്തൽ. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. ലീഗ് നേതാവ് കെപിഎ മജീദും പി.സി ജോർജ്ജിനെതിരെ രംഗത്തെത്തിയിരുന്നു.

ഹിന്ദു, മുസ്ലീം, ക്രൈസ്തവ സഹോദരങ്ങൾ ഒരുമിച്ച് മതേതര കേരളം കെട്ടിപ്പടുത്തുവെന്നും പിസി ജോർജ്ജിന്റെ ശ്രമം തെളിനീരിൽ നഞ്ഞു കലക്കി മീൻ പിടിക്കാനാണെന്നുമായിരുന്നു കെപിഎ മജീദിന്റെ വിമർശനം. വർഗീയത ആളിക്കത്തിക്കാൻ ആണ് ജോർജ് ശ്രമിക്കുന്നതെന്നും മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണ് നടത്തിയതെന്നും ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.

പരാതികളെ തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്. തന്റെ പ്രസ്താവനകളുടെ പേരിൽ ആരെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോർജ്ജ് വെല്ലുവിളിച്ചിരുന്നു.