വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. ഇക്കഴിഞ്ഞ 29 നായിരുന്നു പിസി ജോര്‍ജിന്റെ അറസ്റ്റിലേക്ക് വഴിവച്ച പ്രസംഗം അരങ്ങേറിയത്. ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത പിസി ജോര്‍ജ്ജ് ഗുരുതരമായ ആക്ഷേപങ്ങളായിരുന്നു പ്രസംഗത്തില്‍ ഉന്നയിച്ചത്. കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു. മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍.
പരാമര്‍ശത്തിന് എതിരെ സംഭവത്തില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പിസി ജോര്‍ജ്ജ് നുണയാരോപങ്ങള്‍ നടത്തുകയാണെന്നും ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് സ്വമേധയ എടുത്ത കേസെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെന്നും എഫ്ഐആര്‍. പിസി ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ യുത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് പൊലീസ് സ്വമേധയാ കേസെടുത്തെന്ന് എഫ്ഐആര്‍ ചൂണ്ടിക്കാട്ടുന്നത്.