സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം.
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിന്റെ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.
സെമിയില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം. അറ്റാക്കിങ് തന്നെയാണ് ടീമിന്റെ ശക്തി. ഏതൊരു പ്രതിരോധ നിരയെയും കീറിമുറിക്കാന്‍ കഴിവുള്ള അറ്റാക്കിങ് നിരയാണ് കേരളത്തിനുള്ളത്. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും അണിനിരക്കുന്ന മധ്യനിര ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയാണ്. സൂപ്പര്‍ സബുകളായ ജെസിനും നൗഫലുമാണ് ടീമിന്റെ മറ്റൊരു ശക്തി. സെമിയില്‍ 30 ാം മിനുട്ടില്‍ പകരക്കാരനായി എത്തി അഞ്ച് ഗോള്‍ നേടിയ ജെസിന്‍ വികിനേഷിന് പകരം ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ടീമില്‍ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യത കാണുന്നില്ല. പ്രതീക്ഷക്കൊത്ത് പ്രതിരോധം ഉയരുന്നില്ല എന്നാണ് ടീമിന്റെ തലവേദന. ടീം ഇതുവരെ ആറ് ഗോളുകളാണ് വഴങ്ങിയത്.
സെമിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പവര്‍ഹൗസ് മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാള്‍ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിങ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ബംഗാള്‍ മികച്ച പ്രകടനമാണ് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവച്ചത്. മധ്യനിരയില്‍ നിന്ന് ഇരുവിങ്ങുകള്‍ വഴി അറ്റാകിങ് തടത്തലാണ് ടീമിന്റെ സ്‌റ്റൈല്‍. സ്ട്രൈക്കര്‍മാരായ ഫര്‍ദിന്‍ അലി മെല്ലായും ദിലിപ് ഓര്‍വാനും മികച്ച ഫോമിലാണ്.
കേരളം ബംഗാള്‍ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തില്‍ ഹാഫ് ചാന്‍സുകള്‍ മുതലാക്കുന്നവര്‍ക്ക് ഫൈനല്‍ ജയിക്കാനാകും കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേപോലെയാണ്. കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ്ജ് അടുത്ത സുഹൃതാണ് പക്ഷെ ഫൈനലിലെ 90 മിനുട്ടില്‍ അദ്ദേഹം എന്റെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ബംഗാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ ആരാധകരുടെ ആവേശം കാരണം ടീമിനെ ചില താരങ്ങള്‍ നേര്‍വസായി. മലപ്പുറത്തെ ആരാധകര്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സെമിയില്‍ കേരളത്തിനെതിരെ കര്‍ണാടക മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബംഗാള്‍ പരിശീലകന്‍ കൂട്ടിചേര്‍ത്തു.
ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതില്‍ മാറ്റം ഉണ്ടാകില്ല. കീരീടമാണ് ലക്ഷ്യം. ഫൈനല്‍ ഒരു ഡൂ ഓര്‍ ഡൈ മത്സരമായിരിക്കുമെന്ന് കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ്ജ് പറഞ്ഞു. അര്‍ജ്ജുന്‍ ജയരാജ്, അജയ് അലക്സ്, ജെസിന്‍ എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. എന്നാല്‍ ഇത് പരാതി പറഞ്ഞു നില്‍ക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകള്‍ നികത്തി മുന്നോട്ട് പോകും ആരാധകര്‍ക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.