കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷവർമ്മ നിർമ്മാതാവും കട നടത്തിപ്പുകാരനും പൊലീസ് അറസ്റ്റിൽ; ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 31 ആയി

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾബാറിലെ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്.കടയുടമ വിദേശത്താണെന്നു പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തും.വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേർക്കു അസുഖം ബാധിച്ചതുമായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.ഭക്ഷ്യ വിഷബാധയേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കു നിർദ്ദേശം നൽകി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദ്ദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോഗ്യ മന്ത്രി അറിയിച്ചു.

സംഭവത്തിൽ മുന്നറിയിപ്പുമായി ഡിഎംഒയും രംഗത്തെത്തി. രണ്ടു ദിവസത്തിനുള്ളിൽ ചെറുവത്തൂരിലെ കടയിൽനിന്ന് ഷവർമ കഴിച്ചവർ ദേഹാസ്വാസ്ഥ്യമുണ്ടെങ്കിൽ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ കൂടുതൽ ചികിത്സാ സംവിധാനമൊരുക്കിയതായി ഡിഎംഒ ഡോ.എ.വി. രാംദാസ് അറിയിച്ചു.

മന്ത്രി എം വി ഗോവിന്ദൻ, എംഎൽഎമാർ, കലക്ടർ തുടങ്ങിയവർ ജില്ലാ ആശുപത്രിയിലെത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്നു മന്ത്രി പറഞ്ഞു. അതേസമയം, കുട്ടികൾ ഷവർമ കഴിച്ച ചെറുവത്തൂർ ടൗണിലെ കൂൾബാർ തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫിസർ കെ.സുജയൻ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്പർവൈസർ എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചേർന്ന് പരിശോധിച്ചു.

ഷവർമയുടെ സാംപിൾ ശേഖരിച്ച് സ്ഥാപനം സീൽ ചെയ്തു.വിശദമായ പരിശോധന തുടങ്ങിയെന്ന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്ന് പ്രമീള പറഞ്ഞു.കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദയാണു മരിച്ചത്. കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്.

പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലാണു താമസം.കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ നിന്നുമാണ് ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിത്. ഷവർമ കഴിച്ച 14 പേർ ചികിത്സയിലാണ്. സ്‌കൂൾ കുട്ടികളാണ് ഇതിൽ അധികവും.
കടുത്ത പനിയും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 29, 30 ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആശുപത്രികളിൽ എത്തിയ കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ച ദേവനന്ദ ഞായറാഴ്ച രാവിലെയാണ് ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടി എത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

ഇതേത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേകം ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ചികിത്സയിൽ കഴിയുന്ന 14 പേരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ദേവനന്ദ പത്താംക്ലാസ് പൂർത്തിയാക്കിയശേഷം പ്ലസ് വണ്ണിന്റെ ട്യൂഷന് പോയിത്തുടങ്ങിയിരുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കാസർകോടുനിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കൂൾബാറിൽനിന്ന് സാമ്പിൾ ശേഖരിച്ചു.

കുട്ടികൾ ഷവർമ കഴിച്ച ചെറുവത്തൂർ ടൗണിലെ കൂൾബാർ തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫിസർ കെ.സുജയൻ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്പർവൈസർ എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചേർന്നു പരിശോധിച്ചു. ഷവർമയുടെ സാംപിൾ ശേഖരിച്ചു സ്ഥാപനം സീൽ ചെയ്തു.

മരിച്ച ദേവനന്ദയ്ക്ക് ഞായറാഴ്‌ച്ച രാത്രിയോടെ ജന്മനാട് വിടനൽകി.നാടിനെ നടുക്കിയ ദുരന്തത്തിൽ പ്രതിഷേധം വ്യപകമാവുകയാണ്.സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽപ്പന നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടകാർ ആവശ്യപ്പെട്ടു