ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല
മലപ്പുറം: മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ട് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ തന്റെ അവസാന മത്സരമായിരുന്നു സന്തോഷ് ട്രോഫി ഫൈനല്‍ എന്ന് വ്യക്തമാക്കുകയാണ് ജിജോ ജോസഫ്.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജിജോ ജോസഫിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോയുടെ പ്രതികരണം. പ്രൊഫഷണല്‍ ക്ലബുകള്‍ ഓഫറുമായി പിന്നാലെയുണ്ട്. പ്രൊഫഷണല്‍ ക്ലബുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും’ ജിജോ ജോസഫ് പറയുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ഷൂട്ടൗട്ട് ത്രില്ലറിലൂടെ ആയിരുന്നു കേരളം സന്തോഷ് ട്രോഫി ഏഴാം കിരീടം സ്വന്തമാക്കിയത്. അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളി രണ്ട് മണിക്കൂറോളമാണ് കേരളക്കരയെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഷൂട്ടൗട്ടില്‍ രണ്ടാം കിക്ക് ബംഗാള്‍ പാഴാക്കിയത് നിര്‍ണായകമായി. ഒരു ഷോട്ട് പോലും പാഴാക്കാതെ മഞ്ഞപ്പട കാല്‍പന്തിനെ നെഞ്ചോടു ചേര്‍ത്ത കേരളത്തിന് ചെറിയ പെരുന്നാള്‍ സമ്മാനമായി കിരീടം സ്വന്തമാക്കുകയായിരുന്നു.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ മധ്യനിര താരം ദിലീപ് ഓറോണിന്റെ ഫല്‍യിങ്ങ് ഹെഡ്ഡര്‍ അത്രയും നേരം ആര്‍ത്തിരമ്പിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. കേരളം ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തീരാന്‍ നാല് മിനുട്ടുകള്‍ മാത്രം ശേഷിക്കെ കേരളത്തിന്റെ സമനില ഗോളെത്തി. മുഹമ്മദ് സഫ്‌നാദ് ഹെഡ്ഡറിലൂടെ തന്നെ ബംഗാളിന് മറുപടി നല്‍കി.
നിശ്ചിത സമയത്ത് കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും ആയിരുന്നില്ല. രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം പിടിച്ച കേരളം ലീഡ് ചെയ്യാനുള്ള നിരവധി അവസരങ്ങളാണ് പാഴാക്കിയത്. ഇഞ്ചുറി ടൈമില്‍ ലഭിച്ച ചാന്‍സും കേരളം പാഴാക്കി.