തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.

ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അരടിക്കറ്റും നൽകിയിരുന്നു. ഇനി അ‍ഞ്ചു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികൾക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും 6 വയസ് മുതലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത്.

നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മുതിർന്ന പൗരന്മാർ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.