വിരുന്നിനെത്തിയ അതിഥി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ആഭരണം വിഴുങ്ങി; വയറിളക്കി പുറത്തെടുപ്പിച്ചു
ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം കവർന്നത് വഴി വെച്ചത് നാടകീയ സംഭവങ്ങൾക്ക്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവ് ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. ചെന്നെെയിലാണ് സംഭവം നടന്നത്.
ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സൽക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോൾ ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി. ഇവിടെ നിന്നും 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങൾ ഇയാൾ മോഷ്ടിച്ചു. പിടിക്കപ്പെടാതിരിക്കാൻ ബിരിയാണി കഴിക്കവെ ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി. വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വർണാഭരണങ്ങൾ എന്നിവ കാണാനില്ലെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവർ പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനിൽ ഇവർ സംശയം പ്രകടിപ്പിച്ചത്. ഉടനെ തന്നെ വിരുഗമ്പക്കം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വയറിൽ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടർമാർ മുഖേന ഇയാൾക്ക് വയറിളക്കാനുള്ള മരുന്ന് നൽകി. പിറ്റേ ദിവസം വയറിളകിയതോടെ നെക്ലേസും സ്വർണവും തിരിച്ചു കിട്ടി. എന്നാൽ ഒരു ലോക്കറ്റ് വയറിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ വയർ പിന്നെയും മയപ്പെടാൻ വേണ്ടി വീണ്ടും മരുന്ന് നൽകി ലോക്കറ്റും തിരിച്ചെടുത്തു. താൻ മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ആഭരണം തിരിച്ചു കിട്ടിയതോടെ പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തു.