‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; കേരളത്തിൽ കനത്ത മഴ തുടരും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും.
ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മദ്ധ്യകേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത.
ഇന്നലെ പുലർച്ചെ 5.30ന് ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ‘അസാനി’ രൂപം കൊണ്ടത്. തുടക്കത്തിൽ 75 കിലോമീറ്ററായിരുന്നു വേഗം. ചൊവ്വാഴ്ചയ്ക്ക് ശേഷം ശക്തി കുറയും. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്പോൾ ക്രമേണ ദുർബലമാകും.